മോക്ഷിത് രാജിന്റെ മരണം വൈദ്യുതി വകുപ്പിന്റെ അനാസ്ഥ: കൂടുതൽ മരണം ഒഴിവായത് ഭാഗ്യം കൊണ്ട്: ഉദ്യോഗസ്ഥരെ നാട്ടുക്കാർ തടഞ്ഞു
മഞ്ചേശ്വരം (newsasiavision.blogspot.com): നിർമാണ പ്രവർത്തനം നടന്നു കൊണ്ടിരുന്ന വീടിന്റെ ടെറസിൽ നിന്നും മോർത്തണ നിവാസിൽ താമസക്കാരനും ഓട്ടോ ഡ്രൈവറുമായ സദാശിവ ഷെട്ടി- യശോദ ദമ്പതികളുടെ മകനും തലക്കള എൽ.പി സ്‌കൂളിലെ വിദ്യാർഥിയുമായ മോക്ഷിത് രാജ് ഷെട്ടി (എട്ട്) മരിക്കാൻ ഇടയാക്കിയത് വൈദ്യുതി വകുപ്പിന്റെ അനാസ്ഥ കൊണ്ടാണെന്ന് ആരോപണം.
മോർത്തണ കോളനിയിൽ നിർമാണം നടന്നു കൊണ്ടിരിക്കുന്ന ബോജ എന്നയാളുടെ വീടിന്റെ ടെറസിൽ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്. ടെറസിൽ നിന്നും കഷ്ടിച്ചു ഒരു അടി മാത്രം മുകളിൽ കൂടി കടന്നു പോയ എൽ.ടി ലൈനിൽ നിന്നാണ് ഷോക്കേറ്റത്.
വീട് നിർമാണം ആരംഭIച്ചത്തോടെ ലൈൻ ഉയർത്തുകയോ, നേർ മുകളിൽ നിന്നും കടന്നു പോകുന്നത് മാറ്റിതരികയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉടമ വോർക്കാടി സെക്ഷനിൽ പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർ 12,000 ബോർഡിന് ചെലവ് ഇനത്തിൽ അടക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ലൈൻ മാറ്റുന്ന നടപടി നിർത്തി വെക്കുകയായിരുന്നു.
സമാന രീതിയിൽ അയൽവാസികളായ അച്യുത ആചാര്യ, രാധാ കൃഷ്ണൻ എന്നിവരുടെ വീടിനു മുകളിൽ ഒരടി ഉയരത്തിൽ മാത്രമാണ് എൽ.ടി ലൈൻ കടന്നു പോകുന്നത്. ഈ ലൈനുകൾ മാറ്റണമെന്ന് വീട്ടുകാരും നാട്ടുകാരും നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും വോർക്കാടി സെക്ഷന് കീഴിലെ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ലെന്നു നാട്ടുക്കാർ പറയുന്നു.
അപകടം നടന്ന സ്ഥലത്ത് നിരവധി കുട്ടികളാണ് ദിവസവും കളിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് ഈ വീടിന്റെ സ്ലാബ് കോണ്ക്രീറ്റ് വർക്ക് കഴിഞ്ഞത്. മറ്റു കുട്ടികൾ കളിക്കാൻ വരുന്നതിന് അൽപം മുമ്പാണ് മോക്ഷിത് രാജ് വീടിന്റെ ടെറസിൽ ഒറ്റക്ക് കയറിയത്. കുറച്ചു കഴിഞ്ഞിരുന്നെങ്കിൽ മറ്റു കുട്ടികളും ഒന്നിച്ചു കയറിയാൽ ഉണ്ടാകുമായിരുന്ന വൻ ദുരന്തമാണ് ഒഴിവായത്.
വോർക്കാടി സെക്ഷനിൽ വർഷങ്ങൾക്ക് മുമ്പ് സ്‌കൂൾ വിട്ട് വരികയായിരുന്ന ആറു കുട്ടികൾ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ ചവിട്ടി ദാരുണമായി മരിച്ചിരുന്നു. ഒരു വർഷം മുമ്പ് മീഞ്ച പഞ്ചായത്തിലെ രണ്ടാം വാർഡായ കോളിയൂർ ബോളന്തകോളിയിലെ ഓട്ടോ ഡ്രൈവർ വിശ്വനാഥയുടെ ഭാര്യ
വിജയ (32) മകനും സെന്റ് ജോസഫ് സ്‌കൂളിലെ ഒന്നാം തരം വിദ്യാർത്ഥിയുമായ ആശ്രയ് ( 6) എന്നിവർ മരിച്ചിരുന്നു.
അപകട വിവരമറിഞ്ഞു സ്ഥലത്തെത്തിയ വോർക്കാടി സെക്ഷൻ അസി.എൻജിനീയർ ഷാജർ ഖാൻ അടക്കമുള്ള വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നാട്ടുക്കാർ തടഞ്ഞു വെക്കുകയും വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. പിന്നീട് രാഷ്ട്രീയ പാർട്ടി നേതാക്കൾ ഇടപെട്ടതാണ് രംഗം ശാന്തമാക്കിയത്.
വൈദ്യുതി ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ട് നിരവധി മരണങ്ങൾ ഇടക്കിടെ ഉണ്ടാവുന്നത് തടയാൻ വേണ്ട നടപടികൾ എടുക്കാൻ വകുപ്പ് തയ്യാറാവുന്നില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ