ഉപ്പളയിൽ ഫ്ലാറ്റിന് മുന്നിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു: പരാതിയുമായി വീട്ടമ്മ
ഉപ്പള (newsasiavision.blogspot.com): സ്ത്രീകൾ ഫ്ലാറ്റിന് പുറത്ത് ഇറങ്ങുന്ന ദൃശ്യം രഹസ്യ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഫ്ലാറ്റ് ഉടമയ്‌ക്കെതിരെ പരാതിയുമായി വീട്ടമ്മ.
ഉപ്പളയിലാണ് സംഭവം. വീട്ടമ്മയുടെ പരാതിയിൽ കൊടിയമ്മ സ്വദേശിയെ മഞ്ചേശ്വരം പോലീസ് വിളിച്ചു വരുത്തി ക്യാമറ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു.
മുപ്പതോളം ഫ്ലാറ്റുകളുള്ള കെട്ടിടത്തിൽ ഏറ്റവും മുകളിലത്തെ നിലയിൽ മാത്രമായി ഒരു പ്രത്യേക സ്ഥലത്തേക്ക് തിരിച് ബെഡ്‌റൂം, ഹാൾ, ബാൽകണി എന്നീ സ്ഥലങ്ങൾ കാണുന്ന രീതിയിലാണ് നാലോളം രഹസ്യ ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. ഇതിനെ തുടർന്നാണ് പോലീസ് ഇയാളെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയത്.
എന്നാൽ പോലീസിന്റെ നിർദേശം നടപ്പിലാക്കാൻ ഇദ്ദേഹം തയ്യാറായിട്ടില്ല . ഇത് കാരണം പെൺകുട്ടികളും, മുതിർന്നവരും ഫ്ലാറ്റിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്.
രഹസ്യ ക്യാമറയിൽ ഇയാൾ റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെയാണ് വീട്ടമ്മ നീതി തേടി പോലീസിനെ സമീപിച്ചത്. പോലീസ് നടപടി സ്വീകരിക്കാത്ത പക്ഷം ജില്ലാ പോലീസ് മേധാവിയുടെ ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് വീട്ടമ്മ മുന്നറിയിപ്പ് നൽകി.
അതേ സമയം, തന്റെ ഫ്ലാറ്റിലാണ് കാമറ സ്ഥാപിച്ചതെന്നും റോഡിലേക്ക് സ്ഥാപിച്ച ഒരു കാമറയുടെ ചെറിയ ഭാഗമാണ് സമീപത്തെ ഫ്ലാറ്റിന്റെ ഭാഗം ഉൾപ്പെടുന്നതെന്നും കൊടിയമ്മ സ്വദേശി പറഞ്ഞു. ഈ പ്രദേശത്താണ് കഴിഞ്ഞ ആഴ്ച കവർച്ച നടന്നത്. സുരക്ഷ മുൻനിർത്തി സ്ഥാപിച്ച കാമറ ഫ്ലാറ്റ് ഉടമയുടെയും മറ്റു താമസക്കാരുടെയും അനുമതിയോടെയാണ് വെച്ചത്.
ഇതിൽ ഒരു താമസക്കാരി മാത്രമാണ് പരാതിയുമായി രംഗത്ത് വന്നത്. ഇതിൽ ദുരൂഹത ഉണ്ടെന്നും വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചു എന്ന് പറയുന്നത് കള്ളമാണെന്നും ഇയാൾ പറഞ്ഞു.
...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ