ജില്ലാ കമ്മിറ്റിയിൽ തീരുമാനമായില്ല: മംഗൽപാടി വിവാദം സംസ്ഥാന കമ്മിറ്റിയിലേക്ക്
ഉപ്പള (newsasiavision.blogspot.com): മാലിന്യ ഫണ്ട് വിവാദത്തെ തുടർന്ന് മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് റിസാന സാബിറിനെ തൽസ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെയും, പാർട്ടി പ്രാദേശിക നേത്രത്വത്തിന്റെയും തീരുമാനം ചർച്ച ചെയ്യാൻ വിളിച്ച ജില്ലാ കമ്മിറ്റി യോഗം തീരുമാനം ആവാതെ പിരിഞ്ഞു.
പ്രസിഡന്റിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി മണ്ഡലം- ജില്ലാ കമ്മിറ്റികൾക്ക് ശിപാർശ നൽകുകയും, സ്ഥാനം രാജി വെക്കാൻ പഞ്ചായത്ത് കമ്മിറ്റി നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് നടപ്പിലാക്കാതെ വന്നതോടെ മുസ്ലിം ലീഗ് അംഗങ്ങൾ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.
ഇതേ തുടർന്ന് പഞ്ചായത്ത് കമ്മിറ്റിയെ ലീഗ് സംസ്ഥാന കമ്മിറ്റി പിരിച്ചു വിടുകയും പകരം അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. ഒക്ടോബർ 30ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെ ജില്ലാ കമ്മിറ്റി ഇടപെട്ട് പ്രസിഡന്റിന് നിന്നും രാജി കത്ത് വാങ്ങിയതായി നേത്രത്വം പ്രാദേശിക ഭാരവാഹികളെയും പഞ്ചായത്ത് അംഗങ്ങളെയും അറിയിക്കുകയായിരുന്നു.
ഇതേ തുടർന്ന് അവിശ്വാസ പ്രമേയത്തിൽ നിന്നും അംഗങ്ങൾ വിട്ടു നിൽക്കുകയും പ്രമേയം ക്വാറം തികയാത്തതിനെ തുടർന്ന് തള്ളുകയും ചെയ്തു.
എന്നാൽ, ജില്ലാ കമ്മിറ്റി നിർദ്ദേശം നടപ്പിലാക്കാതെ വരികയും പ്രസിഡന്റ് രാജി വെക്കാതെ വന്നതോടെ ലീഗിലെ 12 അംഗങ്ങൾ മണ്ഡലം പ്രസിഡന്റിന് രാജി കത്ത് നൽകി.
ഇതിനെ തുടർന്ന് അടിയന്തിര ജില്ലാ കമ്മിറ്റി വിളിച്ചു ചേർക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റി നിർദ്ദേശ പ്രകാരം വിളിച്ച യോഗത്തിൽ നിരീക്ഷകരയി നജീബ് കാന്തപുരം എംഎൽഎ,
സി.പി ചെറിയ മുഹമ്മദ്, അഡ്വ: മുഹമ്മദ് ഷാ എന്നിവർ പങ്കെടുക്കുകയും ചെയ്തു.
രാജി വിഷയത്തിൽ ജില്ലാ നേതാക്കളും, മണ്ഡലം-പഞ്ചായത്ത് നേതാക്കളും ഇരു ചേരിയിൽ ആയതോടെ വിഷയം സംസ്ഥാന കമ്മിറ്റിക്ക് വിടാൻ നിരീക്ഷകർ തീരുമാനിക്കുകയായിരുന്നു. ഇരുവിഭാഗവും ഇതിന് സമ്മതം അറിയിക്കുകയും ചെയ്തു.
സംസ്ഥാന കമ്മിറ്റിയിലും പ്രസിഡന്റിന്റെ രാജിയിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ കൂട്ട രാജിയിലേക്ക് നീങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്.
മംഗൽപാടിയിലെ പ്രശ്നം രമ്യതയിൽ അവസാനിക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാൽ ഗ്രൂപ്പിസം ശക്തമാവുകയും മഞ്ചേശ്വരം ബ്ലോക്ക് ഭരണ സമിതിയിലേക്കും പ്രതിസന്ധി പകരുവാനും സാധ്യത ഉണ്ടെന്നാണ് ജില്ലാ കമ്മിറ്റി നിരീക്ഷണം.
...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ