ഏക സിവിൽകോഡ്: ലീഗിനെ കാത്തുനിൽക്കാതെ മുസ്ലിം സാമുദായിക സംഘടനകൾ മുന്നോട്ട്
കോഴിക്കോട്: (newsasiavision.blogspot.com): ഏകീകൃത വ്യക്തിനിയമത്തിനെതിരെ മുസ്ലിം ലീഗിനെ കാത്തുനിൽക്കാതെ സാമുദായിക സംഘടനകൾ. മുസ്ലിം ലീഗ് സിപിഐഎം സെമിനാറിൽ നിന്ന് പിന്മാറിയതിനു പിന്നാലെയാണ് മുസ്ലിം ലീഗിൽ പ്രതീക്ഷ വെയ്ക്കാതെ സാമുദായിക സംഘടനകൾ നിയമപരമായും മുന്നോട്ടു പോകുന്നത്.
സമസ്തയുടെ ഇരുവിഭാഗങ്ങളും ആശങ്കയറിയിച്ച് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, നിയമമന്ത്രി, നിയമകമ്മീഷന്‍ എന്നിവര്‍ക്ക് കത്തു നൽകി. ഇ കെ വിഭാഗം സമസ്തയുടെ ചരിത്രത്തിലാദ്യമായാണ് മുസ്ലിം ലീഗിനെ ഇടനിലക്കാരാക്കാതെ ഇത്തരം നീക്കങ്ങൾ നടത്തുന്നത്. ഇന്ത്യയുടെ ബഹുസ്വരത തകർക്കുന്ന നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നാണ് സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളുടെ ആവശ്യം.
കോൺഗ്രസ്സിന് ദേശീയ തലത്തിൽ സമര പരിപാടികളില്ലാത്തത് സാമുദായിക സംഘടനകളിൽ സംശയം വർധിപ്പിച്ചിട്ടുണ്ട്. പാർലമെന്റിലും മുത്തലാഖ് വിഷയത്തിലെന്നപോലെ കോൺഗ്രസും മുസ്ലിം ലീഗും പ്രശ്നം ഗൗരവമായെടുക്കില്ലെന്നും സാമുദായിക സംഘടനകൾ കരുതുന്നു.
സിപിഐഎം സെമിനാറിൽ സമസ്ത ഇ കെ വിഭാഗം, എ പി വിഭാഗം, മുജാഹിദ് വിഭാഗങ്ങളായ കേരള നദ് വതുൽ മുജാഹിദീൻ, വിസ്ഡം, മർകസുദ്ദഅവ തുടങ്ങിയ സംഘടകനകൾ പങ്കെടുക്കുന്നുണ്ട്. സമസ്തയോടൊപ്പം മുസ്ലിം ലീഗിന്റെ വോട്ട് ബാങ്കായ മുജാഹിദ് വിഭാഗം ഒന്നടങ്കം സെമിനാറിൽ പങ്കെടുക്കുന്നതിൽ മുസ്ലിം ലീഗിലും ആശങ്കയുണ്ട്.
അതേ സമയം, ഏകീകൃത സിവിൽകോഡ് വിഷയത്തിൽ സെമിനാറോ സിമ്പോസിയങ്ങളോ കൊണ്ട് കാര്യമില്ലെന്ന മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന ബി.ജെ.പിയെ എതിർക്കേണ്ട നിർണായക ഘട്ടങ്ങളിൽ ഒഴികഴിവ് പറഞ്ഞ് ഒളിച്ചോടറുള്ള പഴയ തന്ത്രത്തിന്റെ ഭാഗമാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
സിവിൽ കോഡ് ചർച്ചയായപ്പോൾ തന്നെ ധൃതിപിടിച്ച് മുസ്‌ലിം സംഘടനകളെ വിളിച്ചുകൂട്ടിയ ലീഗ് നേതൃത്വം പാർട്ടിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അറിയിച്ചതാണ്. ദേശീയ തലത്തിൽ ഇതുവരെ ഈ വിഷയത്തിൽ വ്യക്തമായ നയം സ്വീകരിക്കാത്ത കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ബഹുസ്വരതാ സദസ്സിൽ പങ്കാളികളാവാനും തീരുമാനിച്ചിട്ടുണ്ട്. എന്നിട്ടും മോദി സർക്കാരിനെതിരായ നീക്കങ്ങളിൽനിന്ന് തന്ത്രപൂർവം പിൻവലിയാനുള്ള പ്രഖ്യാപനത്തിന്റെ പിന്നിൽ ഒന്നുകിൽ ബി.ജെ.പിയുമായി തുടരുന്ന അന്തർധാര, അല്ലെങ്കിൽ ഇ.ഡി മലപ്പുറേത്തക്ക് പറന്നുവരുമെന്ന ഭയം. ഫാഷിസ്റ്റ് സർക്കാർ, മതേതരത്വത്തിന്റെ കടക്ക് കത്തിവെക്കുകയും ബഹുസ്വരതയെ ഉന്മൂലനം ചെയ്യാൻ ആസൂത്രിത നീക്കങ്ങൾ നടത്തുകയും ചെയ്യുമ്പോൾ ആശയസമരത്തിനു പോലും തയാറല്ല എന്നത് അണികളെ ഞെട്ടിച്ചിട്ടുണ്ട്.
ബാബറി മസ്ജിദ് വിഷയത്തിൽ കൈകൊണ്ട ന്യൂനപക്ഷ വഞ്ചനയുടെ അതേ പാതയിലൂടെയാണ് പാർട്ടി ഇപ്പോഴും മുന്നോട്ട് പോകുന്നത്. സംഘ്പരിവാർ ഉയർത്തുന്ന വർഗീയ ഫാഷിസത്തെ എതിർക്കാനെന്ന പേരിൽ പാർലമെൻറിൽ പോയി മോദിയുടെ മുന്നിൽ തലകുനിച്ച്, നാണം കെട്ട് തിരിച്ചുവന്ന കുഞ്ഞാലിക്കുട്ടി നടത്തുന്ന പിത്തലാട്ടങ്ങൾ ജനങ്ങൾക്ക് മനസ്സിലാവുന്നുണ്ടെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ