മംഗൽപ്പാടിയിൽ ലീഗ് മൃഗീയ ഭൂരിപക്ഷത്തിലേക്കെന്ന് സൂചന: താറുമാറായി ഇടതു സംവിധാനം
ഉപ്പള (newsasiavision.blogspot.com): ആസന്നമായ തദ്ദേശ തെരെഞ്ഞെടുപ്പിൽ മംഗൽപ്പാടി പഞ്ചായത്തിൽ മുസ്ലിം ലീഗ് മൃഗീയ ഭൂരിപക്ഷത്തിൽ അധികാരം തുടരുമെന്ന് നേത്രത്വത്തിന്റെ കണക്കു കൂട്ടൽ.
കഴിഞ്ഞ തവണ ഉണ്ടായിരുന്ന 23 സീറ്റിൽ ഒരെണ്ണം വർധിച്ചു നിലവിൽ 24 ആയി ഉയർന്നിട്ടുണ്ട്. പതിവിനു വിപരീതമായി യുഡിഎഫ് സംവിധാനം ഇല്ലാതെ ഒറ്റക്കാണ് ലീഗ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
മുൻകാലങ്ങളിൽ ആറ് സീറ്റുകളിൽ കോണ്ഗ്രസിന് വിട്ടു നൽകിയിരുന്നെങ്കിലും ഇത്തവണ പത്തു സീറ്റിന്റെ അവകാശവാദം ഉന്നയിച്ചതിനെ തുടർന്ന് ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കോൺഗ്രസ് ഒറ്റക്ക് മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. പലയിടത്തും സ്ഥാനാർത്ഥികളെ നിർത്തിയെങ്കിലും പിന്നീട് ചിലയിടങ്ങളിൽ പിന്മാറുകയായിരുന്നു.
നിലവിൽ പുതിയ വാർഡായ മലന്തൂർ, ബന്തിയോട് എന്നിവിടങ്ങളിൽ കോൺഗ്രസും ലീഗും ചിഹ്നത്തിൽ പരസ്പരം മത്സരിക്കുകയാണ്. മംഗൽപ്പാടി പഞ്ചായത്തിൽ നിലവിൽ കോൺഗ്രസിനു രണ്ട് അംഗങ്ങൾ ഉണ്ട്. ഇതിൽ ഒരു വനിതാ അംഗം ലീഗ് സ്ഥാനാർത്ഥിയായി ഇത്തവണ മത്സരിക്കുന്നുണ്ട്. മറ്റൊരു അംഗം ലീഗിനെതിരെ മത്സര രംഗത്തുണ്ട്.
24 വാർഡുകളുള്ള പഞ്ചായത്തിൽ ഒരിടത്ത് സ്വതന്ത്രൻ അടക്കം 24 സീറ്റിലും ലീഗ് സ്ഥാനാർത്ഥികൾ ഒറ്റക്ക് മത്സരിക്കുന്നുണ്ട്. ഇതിൽ 16 മുതൽ 19 സീറ്റ് വരെ ലീഗിന് ലഭിക്കുമെന്നാണ് നിഗമനം. മുസ്ലിം ലീഗ് നേതാക്കൾ ഇത് 18 മുതൽ 21 എന്നാണ് കണക്കു കൂട്ടുന്നത്.
കുബണൂർ, ഷിറിയ എന്നിവിടങ്ങളിൽ മാത്രമാണ് ലീഗ് മത്സരം നേരിടുന്നത് . കൊടിബയൽ , സോങ്കാൽ വാർഡുകൾ ഇടതുപക്ഷത്തിൽ നിന്നും തിരിച്ചു പിടിക്കാൻ പറ്റുമെന്നും നേത്രത്വം കണക്കു കൂട്ടുന്നുണ്ട്.
അതേസമയം, ഇടതുപക്ഷ പാളയത്തിൽ നേത്രത്വത്തിനെതിരെ അണികൾ രംഗത്ത് വന്നിട്ടുണ്ട്. ഇത്തവണ പല വാർഡുകളിലും സ്ഥാനാർത്ഥികളെ പോലും നിർത്താൻ സാധിക്കാത്ത അവസ്ഥയാണ്. ലീഗിനെതിരെ മത്സരിക്കാൻ പോലും സാധിക്കാത്ത അവസ്ഥ ഉണ്ടാക്കിയത് പഞ്ചായത്ത് എൽഡിഎഫ് നേതാക്കൾ ആണെന്നാണ് അണികളുടെ പരാതി. എൻസിപി രണ്ടിടത്ത് ചിഹ്നത്തിൽ മത്സരിക്കുന്നുണ്ട്.
കഴിഞ്ഞ തവണ ഡിവൈഎഫ്ഐ നേതാവ് വിജയിച്ച മണിമുണ്ടേ വാർഡിൽ ഇത്തവണ സ്ഥാനാർത്ഥിയെ പോലും നിർത്താതെ ലീഗ് സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡിവൈഎഫ്ഐ നേതാവ് പിന്നീട് ലീഗിലേക്ക് മാറിയിരുന്നു.
മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഎം പഞ്ചായത്ത് നേതാക്കളുടെ അനാസ്ഥയാണ് മംഗൽപാടിയിൽ എൽഡിഎഫ് സ്ഥാനാർത്ഥികളെ പോലും നിർത്താൻ പറ്റാത്ത രീതിയിൽ ശോഷിച്ചു പോകാൻ കാരണമായതെന്നാണ് അണികൾ ആരോപിക്കുന്നത്. സ്ഥാനാർത്ഥികളെ നിർത്താത്തത് കാരണം പല വാർഡുകളിലും ഇടതു പ്രവർത്തകർക്കും അനുഭാവികൾക്കും വോട്ടു ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയാണ്.
...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ